Wednesday, May 19, 2010

മഴയ്‌ക്കേതു ഭാവം ?

ഒരു മഴ പൊഴിയുന്നു മേഘപ്പൂക്കളായ്‌..

എന്റെ ആദ്യാനുരാഗമായ്‌..

ചെമ്പകപ്പൂവിതളിലൂറും മധുവായ്‌..

എന്റെ നെറ്റിയിലിറ്റു വീഴുമ്പോളറിയാ

തേതു രാഗം മൂളി ഞാന്‍ ?

നനവാര്‍ന്ന കൈകളാലിക്കിളി കൂട്ടവെ

കൂമ്പിയടഞ്ഞു മിഴി നാണമോടെ..

നീയൊത്തു താളം ചവിട്ടവെ കുലുങ്ങി

ച്ചിരിച്ചു പോയ്‌ പാദസരം

ഈ മഴയെന്റെ പ്രാണനെപുല്‍കിയ

പ്രണയാനുഭൂതിയായ്‌..

ഇന്നൊരു പെരുംമഴ !

കരിമുകിലിന്നട്ടഹാസം!

ഒലിച്ചിറങ്ങുന്നെന്റെ വേദന

കരയുന്ന ജനല്‍ച്ചില്ലിലൂടെ

ഈ മഴ, കൊത്തിവലിക്കും കഴുകന്റെ

ചുണ്ടുപോലെന്നെ നോവിക്കുന്നു..

ഹൃദയം നുറുങ്ങുന്നുവോയെന്റെ

അധരം വിതുമ്പുന്നുവോ? അറിയില്ലെ

നിക്കെന്തു തോന്നലാ-ണെന്റെ

മനസില്‍ നിറയുന്നതാവോ?

ഈ കടലാസു വഞ്ചിപോലെന്റെ

മനവുമുലയ്‌ക്കുന്നു മഴ!

എങ്കിലും, എങ്കിലുമെന്റെ

ഹൃദയം നിറഞ്ഞു നീ പെയ്യുക!

ഊഷരതയിലേക്കലിഞ്ഞു ചേര്‍-

ന്നുര്‍വരത പകരുക! എന്നില്‍

വീണ്ടുമൊരു പ്രണയ-

തൂമഴയായ്‌ പൊഴിയുക!

ഞാനതിലലിഞ്ഞു തീരുവോളം...

എന്റെ ഹൃദയം നിലയ്‌ക്കുവോളം...