Monday, October 18, 2010

ഓര്‍മ്മകളില്‍...

ഒരു മന്ദഹാസമെന്‍ ഓര്‍മ്മകളില്‍
മഴയായ്‌ പൊഴിയുന്നു
കാതോര്‍ത്തിരിക്കവേ കേള്‍ക്കുന്നു
കാതോരമാം സംഗീതം
ഹൃദയരാഗമായ്‌, സപ്‌തവര്‍ണ്ണങ്ങളായ്‌
തീരാത്തൊരനുരാഗമായ്‌ ..
മീട്ടുന്നുവോ നിന്‍ മാനസതന്ത്രികള്‍
പൊഴിയുന്നു, സ്വരമെന്‍
ഓര്‍മ്മ തന്‍ പുസ്‌തകത്താളുകളില്‍
ഒരു സന്ധ്യയില്‍,
തിരകളെണ്ണിക്കളിച്ചതും, മറ്റൊരു
സന്ധ്യയില്‍, തിരിയാ
യെരിഞ്ഞതും, നിന്നമ്പലവീഥിയില്‍
കാറ്റത്തുലഞ്ഞതും
അലറുന്ന മഴയിലും കുളിരാതെ നാ-
മൊരു മെയ്യായ്‌ തീര്‍ന്നതും...
അലിയുന്ന അധരത്തില്‍ പരതുന്ന -
വിരലുകളിന്നും കൊതിക്കുന്നു
ഒന്നായ്‌ തീരുവാന്‍, ഉരുകിയലിയുവാന്‍
അഴിയുന്നു ഭാണ്‌ഡക്കെട്ടുകള്‍, ഉതിരുന്നു
ഓര്‍മ്മകള്‍, വളപ്പൊട്ടുകളായ്‌
മുറിയുന്നു മാനസം, ഒഴുകുന്നു ചുടുനിണം
മറക്കാത്ത വേദന
കാതോര്‍ത്തിരിപ്പൂ ഞാനൊരു സന്ധ്യയില്‍,
ഒരു പുലര്‍വേളയില്‍
നിന്‍ തന്ത്രിമീട്ടും സ്വരരാഗമഴയ്‌ക്കായ്‌
മറ്റൊരു സ്വപ്‌നത്തിനായ്‌ ....

5 comments:

  1. ജൈന്‍,

    ഇത് വളരെ മനോഹരമായിരിക്കുന്നു. നല്ല താളമുണ്ട് വായിക്കാന്‍.. കവിതകളില്‍ നല്ല കൈത്തഴക്കം ഉണ്ട്.. ആശംസകള്‍..

    ReplyDelete
  2. ജൈന്‍....

    കവിത തന്നെപ്പോലെയല്ല...നിറയെ തണുപ്പും തണലുമുണ്ട്...

    ReplyDelete
  3. ജെയിന്‍,നന്നായിരിക്കുന്നു

    ReplyDelete