Friday, February 25, 2011

നിശബ്‌ദം = അമ്മ

അമ്മയെന്താ
എന്നോട്‌ മിണ്ടാത്തതെന്ന്‌
ചോദിക്കുമ്പോഴൊക്കെയച്ഛന്റെ-
യുള്ളില്‍ മഴ പെയ്യും.
കനത്ത ഇരുളില്‍ മഴയിലേക്ക്‌
പിണങ്ങിയിറങ്ങിപ്പോയ ചേട്ടന്റെ
ചിത്രം ഒപ്പിയെടുക്കാനെന്നോണം
ആകാശം മിന്നിത്തെളിഞ്ഞതും
പിന്നെ രാത്രിയുടെ
കറുപ്പു കുടിച്ച്‌ ചേട്ടന്‍
തിരിച്ചു വന്നതും...
എന്നോടൊന്നും മിണ്ടിയില്ലെങ്കിലും
മഴ പെയ്യുമ്പോള്‍
അമ്മയെന്നെ
ചേര്‍ത്തു പിടിക്കും.
തള്ളക്കോഴി കുഞ്ഞിനെയെന്നോണം...

Tuesday, February 15, 2011

വേനല്‍

വേനലാണിവിടെയെപ്പോഴും
തിളച്ച സൂര്യനും
വരണ്ട മണ്ണും
നട്ടുച്ചയ്‌ക്കും കനത്ത രാത്രിയും
മൗനത്തിന്റെ കുപ്പിച്ചില്ലുകള്‍
തുളച്ചു കയറുന്നു
നിസംഗതയുടെ മരവിപ്പ്‌
ഇടതൂര്‍ന്ന റബ്ബര്‍മരങ്ങള്‍ക്കിടയി-
ലൂടിറങ്ങിയ നിലാവലയാരാണ്‌
കരണ്ടത്‌?
എനിക്കും നിനക്കുമിടയിലെ
കൈവരികളില്ലാത്ത
ഒറ്റത്തടിപ്പാലമെവിടെ-
യാണൊടിഞ്ഞുവീണത്‌?
തണുപ്പരിച്ചിറങ്ങിയ
ഡിസംബര്‍ രാത്രിയിലെ
നിന്റെ നേര്‍ത്ത ശബ്‌ദം
ഏതു നക്ഷത്രമാണ്‌
കൊണ്ടുപോയത്‌?
അറിയില്ല
എങ്കിലുമറിയാം,
നിലാവും വാകയും
വസന്തവുമില്ലായിരുന്നെങ്കിലും
നിന്നെ ഞാനറിഞ്ഞിരുന്നു
നീ എന്നെയും....