Tuesday, July 12, 2011

കടല്‍

മനസ്സ്‌
ഒരു കടലാണ്‌
മറഞ്ഞിരിക്കുന്ന മുത്തും
പവിഴവുമളക്കാനാകാതെ..
നീന്തിത്തുടിക്കുന്നത്‌
പരലോ സ്രാവോ എന്നറിയാനാവാതെ
എത്രയോ കപ്പലുകളാണ്‌
തുറമുഖമണയുകയും
യാത്രയാവുകയും ചെയ്യുന്നത്‌..?
അതിവേഗബോട്ടുകള്‍
തിരകളെ ക്രൂരമായി കീറിമുറിച്ചുകൊണ്ട്‌..
പങ്കായമേന്തി കൊച്ചു
രാഗങ്ങള്‍ മൂളി വഞ്ചികള്‍...
ഇക്കടലിന്നാഴങ്ങളളക്കാ-
നാര്‍ക്കാണാവുക?
അന്തര്‍വാഹിനി പോലെ
അഗാധതയിലേക്കാര്‍ക്കാ-
ണൂളിയിടാനാകുക...?
മനസ്‌ കടലാണ്‌...
ഇരുണ്ടു കൂടി, കറുത്ത്‌..
ചിലപ്പോഴൊക്കെ ആഞ്ഞടിക്കുന്നു,
ഹുങ്കാരനാദത്തോടെ
ക്രൗര്യം നിറഞ്ഞ മുഖത്തോടെ
ചിലപ്പോഴൊക്കെ നിറഞ്ഞ ശാന്തത..
ഭീതിപ്പെടുത്തുന്ന നിശബ്‌ദത..
പലതും ഒളിപ്പിച്ചു വച്ചും
പലതും മുന്നിലേക്കിട്ടു തന്നും...
ശാന്തസമുദ്രം പോലെ..
ചിപ്പി പെറുക്കുന്നവനെ പ്രണയിച്ചും
മുത്തു കവരുന്നവനെ പ്രഹരിച്ചും..
മനസും ഒരു കടല്‍ പോലെ...

E- പ്രണയം

നിനക്ക്‌ ഞാനും, എനിക്ക്‌
നീയുമെന്നോതിയ വാക്കിന്‌
ലഹരിയുടെ കനത്ത ചുവ!
എന്റെ കരളിന്നുള്ളില്‍
നീ മാത്രമെന്നോതിയ
വാക്കിന്‌ പരിഹാസനൊമ്പരം
കൊച്ചുമുറിക്കുള്ളിലേക്കാകാശം
ചുരുങ്ങുന്നു, വിരല്‍-
ത്തുമ്പിലേക്കു ലോകവും
ചാറ്റിംഗില്‍ `എന്റെ കരളേ..'
ചീറ്റിംഗില്‍ `ബ്ലഡി ബിച്ച്‌'
മുത്തു പോലെ കാത്ത
പ്രണയസാഗരത്തിന്‌
തീ പിടിക്കുന്നു
ഹൃദയരക്തം തിളച്ച്‌
ലാവയായൊഴൂകുന്നു
എങ്കിലും സാരമില്ല
ലാപ്‌ടോപ്പ്‌ നഷ്‌ടപ്പെട്ടില്ലല്ലോ!
വലക്കണ്ണികളാരും
മുറിച്ചു മാറ്റിയില്ലല്ലോ
ദേശാടനക്കിളിയേപ്പോല്‍
മറ്റൊരു നാട്ടിലേക്കെനിക്കിനിയും
പറക്കാം, വൈറസുക-
ളാക്രമിക്കും വരെ!