Wednesday, May 19, 2010

മഴയ്‌ക്കേതു ഭാവം ?

ഒരു മഴ പൊഴിയുന്നു മേഘപ്പൂക്കളായ്‌..

എന്റെ ആദ്യാനുരാഗമായ്‌..

ചെമ്പകപ്പൂവിതളിലൂറും മധുവായ്‌..

എന്റെ നെറ്റിയിലിറ്റു വീഴുമ്പോളറിയാ

തേതു രാഗം മൂളി ഞാന്‍ ?

നനവാര്‍ന്ന കൈകളാലിക്കിളി കൂട്ടവെ

കൂമ്പിയടഞ്ഞു മിഴി നാണമോടെ..

നീയൊത്തു താളം ചവിട്ടവെ കുലുങ്ങി

ച്ചിരിച്ചു പോയ്‌ പാദസരം

ഈ മഴയെന്റെ പ്രാണനെപുല്‍കിയ

പ്രണയാനുഭൂതിയായ്‌..

ഇന്നൊരു പെരുംമഴ !

കരിമുകിലിന്നട്ടഹാസം!

ഒലിച്ചിറങ്ങുന്നെന്റെ വേദന

കരയുന്ന ജനല്‍ച്ചില്ലിലൂടെ

ഈ മഴ, കൊത്തിവലിക്കും കഴുകന്റെ

ചുണ്ടുപോലെന്നെ നോവിക്കുന്നു..

ഹൃദയം നുറുങ്ങുന്നുവോയെന്റെ

അധരം വിതുമ്പുന്നുവോ? അറിയില്ലെ

നിക്കെന്തു തോന്നലാ-ണെന്റെ

മനസില്‍ നിറയുന്നതാവോ?

ഈ കടലാസു വഞ്ചിപോലെന്റെ

മനവുമുലയ്‌ക്കുന്നു മഴ!

എങ്കിലും, എങ്കിലുമെന്റെ

ഹൃദയം നിറഞ്ഞു നീ പെയ്യുക!

ഊഷരതയിലേക്കലിഞ്ഞു ചേര്‍-

ന്നുര്‍വരത പകരുക! എന്നില്‍

വീണ്ടുമൊരു പ്രണയ-

തൂമഴയായ്‌ പൊഴിയുക!

ഞാനതിലലിഞ്ഞു തീരുവോളം...

എന്റെ ഹൃദയം നിലയ്‌ക്കുവോളം...

Friday, February 26, 2010

സ്‌ത്രീ

മഹാഭാരതഭൂവില്‍ കാണ്മൂ ഞാന്‍
നിശ്ചേഷ്‌ടയായ്‌ കൗരസഭാമധ്യേ
കൃഷ്‌ണ,കൃഷ്‌ണയെന്നുറക്കെകരഞ്ഞു
കരഞ്ഞു തളരുമാ നാരിയെ..
എതിര്‍ക്കാനില്ലാത്ത കരുത്തിനെ
ക്കുറിച്ചോര്‍ക്കാന്‍ പോലുമാകാതെ
സങ്കടപ്പെരുംകടലിലലിയുവോളം
കണ്ണുനീര്‍ വാര്‍ക്കുമാ ദ്രൗപദിയെ..
മന്നിലുത്തംഗമായറിഞ്ഞൊരാ
ലങ്കയിലശോകച്ചുവട്ടിലായ്‌
കണ്ണുനീര്‍ വാര്‍ത്തിരിക്കും
രഘുപത്‌നിയിലും പതിയുന്നെന്റെ ദൃഷ്‌ടി
അഗ്നിയിലെരിഞ്ഞു തന്‍ ശുദ്ധി -
തെളിയിച്ചപ്പൊഴും നെഞ്ചകം വിങ്ങി..
നെഞ്ചകം വിങ്ങിവിങ്ങിത്തകരുമാ
ജനകപുത്രിയെ കാണ്മൂ ഞാന്‍
കരിവളയണിയേണ്ട കൈകളില്‍
തിളങ്ങും വാളേന്തി രാജ്യത്തിനായ്‌
പടപ്പുറപ്പെട്ടു തന്‍ കുതിരയുമായ്‌
കുതിക്കുന്ന ലക്ഷ്‌മിയുമുള്ളിലുണരുന്നു..
ദിനംതോറുമെന്തിനോരോനിമി-
നേരവുമിമചിമ്മുമീ ലോകത്തോടൊ-
ത്തെത്തുവാനിന്നൊരു സീതയ്‌ക്കു-
മാവില്ലെന്നറിഞ്ഞു ഞാന്‍..!
അഴിക്കുമുടുചേലയ്‌ക്കു വേണ്ടി കരയുമാ-
ദ്രൗപദിയ്‌ക്കുമാവില്ലിന്നുറങ്ങുവാന്‍..
വലംകൈയ്യേന്തും കൊടുംവാളും
മനം നിറഞ്ഞുറച്ച കരുത്തിന്റെ താളവും
പടച്ചട്ടയും യുദ്ധശക്തിയുമായിട്ടു-
യര്‍ന്നു നിന്നടരാടാനുകുമെങ്കില്‍
സ്‌ത്രീയേ, നിനക്കിന്നീ ഭൂമിയിലിറ്റു നേരം
വിശ്രമിച്ചന്യോന്യം ആശംസിച്ചുറങ്ങാം
കണ്ണുനീരുതിര്‍ത്ത ശക്തിക്കുമേല്‍
മനക്കരുത്തുജ്ജ്വലപ്രവാഹമായ്‌
ലാവയായൊഴുകിപരക്കുമ്പോഴേ..
സ്‌ത്രീയേ, നിന്റെ സ്വത്വമീ മണ്ണില്‍
അനശ്വരതീര്‍ത്ഥമായൊഴുകൂ...

Wednesday, October 28, 2009

അവന്‍ വരുമ്പോള്‍...

നിലാവിന്റെ അരണ്ടവെളിച്ചത്തിലൂ -
ടുറച്ച കാല്‍വയ്‌പുകളോടെ,
അവന്‍ നടന്നു... അവളുടെ
മടിയിലേക്ക്‌ തല ചായ്‌ച്ചുറങ്ങാന്‍...
പാലയും പുത്തിലഞ്ഞിയും വീഴ്‌ത്തിയ
നിഴലില്‍ ഉറങ്ങാതെ അവള്‍...
കാലമെത്രയോ തിരശ്ശീലവീഴ്‌ത്തി
കടന്നുപോകുന്നു..
വസന്തവും വര്‍ഷവും ചിരിച്ചും
വിങ്ങിവിതുമ്പികരഞ്ഞും...
പൊഴിഞ്ഞു വീഴുമ്പോള്‍
പിന്നിലൊട്ടും കരയാതെ
ധീരയായവള്‍ കാത്തു നിന്നു...
വിയര്‍പ്പിറ്റുവീണ മണ്‍പാതയിലൂടെ
അല്‍പവും വേയ്‌ക്കാതെ, വിറയ്‌ക്കാതെ
അവന്‍ നടന്നു....
കണിക്കൊന്നയിലിരുന്നു കൂകും കുയിലു
കളെങ്ങോപറന്നകന്നപ്പോഴും..
നിനവുകള്‍ മാത്രമായിരവും
പകലുമൊടുങ്ങുമ്പൊഴും...
ജഠരം വിതുമ്പവേ, പോകട്ടെയെന്നോതി
കുറിഞ്ഞി മറഞ്ഞപ്പൊഴും...
നിശബ്‌ദയായ്‌ കാത്തിരുന്നവളെന്നോ
വരുമവനെയും കാത്ത്‌...
പൂമുഖപ്പടിയണയുന്നവന്‍, ചുണ്ടി
ലോര്‍മ്മകള്‍ മധു പകരുന്നു..
അമ്മയൂട്ടിയ ദുഗ്‌ധമിവിടെ നിറയുന്നു...
കൂരിരുള്‍ മാറി തേജോമയമാകുന്നു...
കരയുന്നവള്‍ ... ഇനിയുമാവില്ലെനി-
ക്കെന്നോതുന്നു... അവനിലേക്കായുന്നു...
നെറുകയില്‍ വീഴുന്നവളുടെയശ്രു-
കണമവനും കരഞ്ഞുപോയി...
വിറയ്‌ക്കുന്നു, വിരലുകളെങ്ങോ പരതുന്നു,
മുറിയുന്നവന്റെ സ്വരമിടറുന്നു...
വിധു മായുന്നിരുള്‍ പടരുന്നു..
ഗദ്‌ഗദമെവിടെയോ മുറിയുന്നു..
ദേഹമെങ്ങും ചുവക്കുന്നു...
ദേഹിയെങ്ങോ പറക്കുന്നു..
കാത്തിരുപ്പില്ലിനി, പോകുന്നവര്‍
ചക്രവാളസീമകള്‍ക്കപ്പുറം...

Saturday, March 28, 2009

വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും

പ്രിയ സ്നേഹിതാ....
വരൂ... നമുക്കൊന്നായ് നടക്കാം..
ചക്രവാളം വരെയും...
പ്രപഞ്ചത്തിന്നനന്തത വരെയും...
നമുക്കൊന്നായ് നടക്കാം...
മണ്ണാങ്കട്ടയും കരിയിലയും
കാശിക്കു പോയതുപൊലെ...
തകര്‍ത്തു പെയ്യുന്ന പേമാരിയില്‍
നിനക്കായ് ഞന്‍ ഓലക്കുടയാകാം...
എന്റ്റെ കാര്‍കൂന്തലിന്നിരുട്ടില്‍
നിന്നെ ഞന്‍ ഒളിപ്പിച്ചു വയ്ക്കാം...
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...
കൊടുങ്കാറ്റിലെന്‍ കാലിടറുമ്പോള്‍
എനിക്കു മുകളില്‍ ഒരു ഭാരമായമരുക !
സ്നേഹത്തിന്റ്റെ കരങ്ങളെന്നെ
സുരക്ഷിതയാക്കട്ടെ !
നിന്റ്റെ നെഞ്ചില്‍ തല ചായ്ച്ച്
ഞാന്‍ വിശ്രമിക്കട്ടെ !
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...
ഒടുവില്‍ കാറ്റും മഴയും ഒരുമിച്ച്
വരുവോളം..
വീഥിയിലെവിടെയൊ വിധി
വേര്‍പെടുത്തുവോളം...
മഴയിലലിഞ്ഞും കാറ്റില്‍ പറന്നും
ഒരു കഥയായ് മായുവോളം..
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...

Monday, March 23, 2009

കറുപ്പും വെളുപ്പും

അവനാണ് ...
എനിക്ക് ആ പേന സമ്മാനിച്ചത് ...
അവന്റെ പുഞ്ചിരി പോലെ,
വെളുത്ത, സ്വര്ണ്ണനിറങ്ങള് കൊത്തിയ,
മനോഹരമായ പേന..
എന്റെ ഹൃദയപേടകത്തിനുള്ളില്
ആരും തൊടാതെ,
അലിഞ്ഞു തീരാത്ത
ഹിമകണം പോലെ,
ഞാനൊളിച്ചു വച്ചു
ഓരു സന്ധ്യയില് ഞാനെന്തോ കുറിക്കാ-
നെടുക്കവേ അതില് നിന്നുറന്നത്
കറുത്ത മഷിയായിരുന്നു
എന്റെ പാപക്കറകള് പോലെ