Tuesday, May 1, 2012

ശവ-സംസ്‌ക്കാരം

മനുഷ്യമതത്തിലാണ്‌ ജനിച്ചത്‌
വളര്‍ന്നതും
തണലില്ലാത്ത വഴിയോരങ്ങളിലൂടെ
തനിച്ചാണ്‌ നടന്നത്‌
ഇരുളിനൊടുവില്‍ പകല്‍ വരുന്നതും കാത്ത്‌
പകച്ചാണ്‌ ഉറങ്ങിയത്‌
കക്ക പെറുക്കി പെറുക്കി നടക്കവേ
തിരയും തീരവും
തെല്ലമ്പരപ്പോടെയാണ്‌ നോക്കിയത്‌
നെടുവീര്‍പ്പോടെയും...
സ്‌നേഹമാണ്‌ പങ്കുവച്ചത്‌..
സമ്പാദിച്ചത്‌ ആട്ടുംതുപ്പുമെങ്കിലും...
ഒടുവില്‍ ഹൃദയവഞ്ചിയുറുമ്പരിച്ച്‌
നിശ്ചേഷ്‌ടമാകവേ..
ചുറ്റിലുയരുന്നതൊരേ ചോദ്യം....
ആറടിമണ്ണ്‌ ?
പള്ളിയിലോ പറമ്പിലോ?
തെമ്മാടിക്കുഴിയിലോ
ഗ്രാനൈറ്റ്‌ പാകിയ
കല്ലറയ്‌ക്കുള്ളിലോ?
ജഡത്തിനും നാണംകെട്ടിട്ടുണ്ടാം
നിശബ്‌ദമായി ജഡവും
ചിരിച്ചിരിക്കാം,
ശവ- സംസ്‌ക്കാരം !

Wednesday, March 7, 2012

http://www.embroidery.rocksea.org/stitch/stem-stitch/stem-stitch/

Wednesday, February 15, 2012

എന്റെ പ്രണയം

നിന്നോടുള്ള പ്രണയത്തിന്റെ
രുചിഭേദങ്ങള്‍ കുറിച്ചു വയ്‌ക്കാന്‍
നിലാവുദിക്കാത്ത ശിശിര സന്ധ്യയില്‍
ചുവന്ന പേനയില്‍
മഷി നിറക്കുമ്പോള്‍
നാളേക്കു വേണ്ടി കരുതി വയ്‌ക്കേണ്ട
തുമരപരിപ്പുകള്‍
എന്റെ പേനയെ നിശബ്‌ദമാക്കുന്നു
അകത്തെ മുറിയിലെ റ്റിവിയിലെ
ആക്രോശങ്ങള്‍ക്കും
ആടിത്തിമിര്‍ക്കലുകള്‍ക്കുമെല്ലാ-
മിടയില്‍ എന്റെ പ്രണയം
ഉറഞ്ഞു പോകുന്നു.

Friday, December 9, 2011

പുഴക്കരയിലൊരു കിനാവ്‌

ഇപ്പുഴ തന്നോളങ്ങളിലമൃതോലും
രാഗതീരങ്ങളിലെന്റെ
ഹൃദയം തുറന്നേതോ ചെരാതിന്റെ
നാളം തിരയുന്നു ഞാന്‍ ..!
ഈ പൂഴിമണലിലക്ഷരം കോറി
ഞാനേതോ കിനാവു കാണുന്നു..
അന്നു ഞാന്‍, നീയുമായ്‌
ചെമ്പകച്ചോട്ടിലെ പൊന്‍തണല്‍
കൊണ്ടതും, പൂക്കളാഹ്ലാദവര്‍ഷം
പൊഴിച്ചതു,മിപ്പുഴ കുണുങ്ങി-
കുണുങ്ങിച്ചിരിച്ചതും..
ചെങ്കനല്‍ ചോപ്പാലന്തിയിലര്‍ക്കന്‍
തന്‍ സ്വത്വമീപ്പുഴയ്‌ക്കു കൊടുത്തതും
ചെന്തളിര്‍ കൈയ്യാല്‍ നീ കോരിയെടുത്തതും
`അയ്യേ പറ്റിച്ചേ'യെന്നീപ്പുഴ ചൊന്നതു-
മോര്‍ക്കുന്നു ഞാനേതോ കിനാവു പോല്‍..
എങ്ങോ തിരക്കിട്ടും പോം കാറ്റീയീണം
കേട്ടന്തിച്ചു നിന്നതുമാശീതള-
ച്ഛായയിലറിയാതെ നാമൊരുമിച്ചതും..
അന്തിയായിനിയുമെന്തേ വീടണയാത്തു-
വെന്നോര്‍മ്മിപ്പിച്ചേതോ കിളികള്‍
പറന്നു മറഞ്ഞതും..
ചെന്താര്‍മിഴിയില്‍ ബാഷ്‌പചന്ദ്രനു
ദിച്ചതും, കൊച്ചുവിരലാല്‍
ഞാനവയൊപ്പിയെടുത്തതും..
വെറുതേയേതോ നിദ്രയിലുണരും
കിനാവായ്‌ നീ മാഞ്ഞു പോയതും
ഈ തീരമണഞ്ഞിരുന്നു
ഞാനേതോ നിനവു തേടുന്നു

Wednesday, October 26, 2011

അക്കങ്ങള്‍

അക്ഷരങ്ങളുടെ
കൈ പിടിച്ച്‌ ഓരോ
വാക്കിന്റെയും ചുമലി-
ലേറിയാണ്‌ നക്ഷത്രവും
നിലാവും കണ്ടത്‌,
പുലരിത്തുടിപ്പറിഞ്ഞത്‌
അക്ഷരങ്ങള്‍, അക്കങ്ങള്‍
മാത്രമായപ്പോള്‍
പേനത്തുമ്പില്‍
സങ്കലനങ്ങളേക്കാള്‍
വ്യവകലനങ്ങളായപ്പോള്‍
ഗുണിതങ്ങളേക്കാള്‍
ഹരണങ്ങളായപ്പോള്‍
ഉച്ചിയില്‍ സൂര്യനുദിച്ചു
തളര്‍ന്നു പോയപ്പോള്‍
കൂട്ടു വന്ന ഊന്നുവടി
`ഒന്നാ'യപ്പോള്‍ ഞാനതിന്റെ
ചുവട്ടില്‍ ചുരുണ്ടുകൂടി
മൂല്യം `പത്തെ'ന്നൂന്നുവടി
ഞെളിഞ്ഞപ്പോഴും
ഞാന്‍ വെറും പൂജ്യമായിരുന്നു....