Thursday, March 31, 2011

മൗനം

മൗനമേ, നീയെന്തിനെന്‍
മനസിന്‍ ചിറകിലേക്കിന്നു
വിരുന്നു വന്നൂ?
മൗനമേ നീയെന്തിനെന്‍
ചിന്താ ശിഖരത്തില്‍
കൂടു വച്ചൂ?
മൗനമേ നീയെന്തിനെന്‍
സന്തോഷവാതിലടഞ്ഞു
നിന്നൂറിച്ചിരിക്കുന്നു?
മൗനമേ, നീയെന്തിനീ-
നിലാവൊളിപ്പിക്കും
മേഘമായാശകള്‍ക്കു മേല്‍
കരിമ്പടം വിരിച്ചൂ?
മൗനമേ, നീ തീര്‍ക്കും
നിശബ്‌ദ സംഗീതത്തിന്‍
രാഗവും താളവും
ലയഭംഗിയുമീ പ്രപഞ്ച
സമ്മാനമെന്നോ?
അതിനര്‍ത്ഥമീയാകാശമെന്ന
പോലനന്തമെന്നോ?

Tuesday, March 22, 2011

സ്വപ്‌നം

നനുത്ത സന്ധ്യയിലാണ്‌
ഞാനെന്റെ സ്വപ്‌നങ്ങളെ വീണ്ടും
താലോലിച്ചു തുടങ്ങിയത്‌
മഴവില്ലിനോട്‌ കടം വാങ്ങിയ
സപ്‌തവര്‍ണങ്ങളുമായി
മഴനൂലിലാണ്‌ അവ പെയ്‌തിറങ്ങിയത്‌
അവയ്‌ക്ക്‌ ചെമ്പകപ്പൂവിന്റെ മണവും
സാന്ധ്യമേഘത്തിന്റെ
സിന്ദുരാരുണിമയുമുണ്ടായിരുന്നു
അകത്തു നിന്നൊഴുകിയെത്തിയ
ഗസലില്‍ മനസ്സലിഞ്ഞു ചേരുന്നുണ്ടായിരുന്നു
ഉമ്മറത്തിണ്ണയില്‍
എന്റെ ചുമലില്‍ ചാരിയിരുന്ന്‌
അവനെന്നോടു ചോദിച്ചു,
നിന്റെ സ്വപ്‌നങ്ങളിലേക്ക്‌ ഞാനും വന്നാല്‍..
ഉത്തരത്തിന്‌ പരതി..
തിരിഞ്ഞുനോക്കുമ്പോള്‍
പകല്‍ പടിയിറങ്ങിപ്പോയ
വഴിയിലൂടെ
സന്ധ്യയും കടന്ന്‌ ഇരവെത്തിയിരുന്നു
എന്റെ പിന്നില്‍ ഇരുള്‍ കനത്തിരുന്നു
മുറ്റത്തുവീഴുന്ന മഴത്തുള്ളികള്‍
രൗദ്രം നിറഞ്ഞാടുകയായിരുന്നു.


ചിന്ത.കോമില്‍ പ്രസിദ്ധീകരിച്ചത്‌