Friday, February 26, 2010

സ്‌ത്രീ

മഹാഭാരതഭൂവില്‍ കാണ്മൂ ഞാന്‍
നിശ്ചേഷ്‌ടയായ്‌ കൗരസഭാമധ്യേ
കൃഷ്‌ണ,കൃഷ്‌ണയെന്നുറക്കെകരഞ്ഞു
കരഞ്ഞു തളരുമാ നാരിയെ..
എതിര്‍ക്കാനില്ലാത്ത കരുത്തിനെ
ക്കുറിച്ചോര്‍ക്കാന്‍ പോലുമാകാതെ
സങ്കടപ്പെരുംകടലിലലിയുവോളം
കണ്ണുനീര്‍ വാര്‍ക്കുമാ ദ്രൗപദിയെ..
മന്നിലുത്തംഗമായറിഞ്ഞൊരാ
ലങ്കയിലശോകച്ചുവട്ടിലായ്‌
കണ്ണുനീര്‍ വാര്‍ത്തിരിക്കും
രഘുപത്‌നിയിലും പതിയുന്നെന്റെ ദൃഷ്‌ടി
അഗ്നിയിലെരിഞ്ഞു തന്‍ ശുദ്ധി -
തെളിയിച്ചപ്പൊഴും നെഞ്ചകം വിങ്ങി..
നെഞ്ചകം വിങ്ങിവിങ്ങിത്തകരുമാ
ജനകപുത്രിയെ കാണ്മൂ ഞാന്‍
കരിവളയണിയേണ്ട കൈകളില്‍
തിളങ്ങും വാളേന്തി രാജ്യത്തിനായ്‌
പടപ്പുറപ്പെട്ടു തന്‍ കുതിരയുമായ്‌
കുതിക്കുന്ന ലക്ഷ്‌മിയുമുള്ളിലുണരുന്നു..
ദിനംതോറുമെന്തിനോരോനിമി-
നേരവുമിമചിമ്മുമീ ലോകത്തോടൊ-
ത്തെത്തുവാനിന്നൊരു സീതയ്‌ക്കു-
മാവില്ലെന്നറിഞ്ഞു ഞാന്‍..!
അഴിക്കുമുടുചേലയ്‌ക്കു വേണ്ടി കരയുമാ-
ദ്രൗപദിയ്‌ക്കുമാവില്ലിന്നുറങ്ങുവാന്‍..
വലംകൈയ്യേന്തും കൊടുംവാളും
മനം നിറഞ്ഞുറച്ച കരുത്തിന്റെ താളവും
പടച്ചട്ടയും യുദ്ധശക്തിയുമായിട്ടു-
യര്‍ന്നു നിന്നടരാടാനുകുമെങ്കില്‍
സ്‌ത്രീയേ, നിനക്കിന്നീ ഭൂമിയിലിറ്റു നേരം
വിശ്രമിച്ചന്യോന്യം ആശംസിച്ചുറങ്ങാം
കണ്ണുനീരുതിര്‍ത്ത ശക്തിക്കുമേല്‍
മനക്കരുത്തുജ്ജ്വലപ്രവാഹമായ്‌
ലാവയായൊഴുകിപരക്കുമ്പോഴേ..
സ്‌ത്രീയേ, നിന്റെ സ്വത്വമീ മണ്ണില്‍
അനശ്വരതീര്‍ത്ഥമായൊഴുകൂ...