Wednesday, August 31, 2011

ഓണം വിതുമ്പുന്നുവോ?

തൊടിയിലെ വേലിപ്പടര്‍പ്പില്‍
കിടന്നു വിളിക്കുന്നു വീണ്ട
തിരുവോണമേ വന്നാലും...
മുറ്റത്തെക്കോണില്‍ പാല്‍പല്ലുകാട്ടി
ച്ചിരിക്കുന്നു തുമ്പ
തിരുവോണമേ വന്നാലും...
ചാണകമെഴുതിക്കിടന്നു വിളിപ്പൂ
പൂമുറ്റം, തിരുവോണമെന്തേ വൈകുന്നു?
പിഞ്ചോമനക്കൈകളീ മണ്ണാലൊരുക്കു
ന്നോണത്തപ്പനെ, വന്നാലും..
മാവിന്മേലാടും പൊന്നൂഞ്ഞാലു
വിളിക്കുന്നോണമേ വരിക വേഗം... 


ഓണമിതായണയുന്നു..
പൂക്കളുടെ നിറഞ്ഞ സ്വപ്‌നങ്ങളിലൂടെ..
ഊഞ്ഞാലിന്റെ ആയത്തിലൂടെ..
സമൃദ്ധിയുടെ നിറവുകളിലൂടെ.. 


ഫ്രിഡ്‌ജിലിരുന്നു മരിക്കുന്നു ചെണ്ടുമല്ലി
പിന്നെയുമേതോ വിളര്‍ത്ത
പൂക്കളുടെയും മരണം ഫ്രിഡ്‌ജില്‍
പുലരുമ്പോളേതോ മത്സര
വേദിയിലാണവരുടെ സംസ്‌കാരം
ഓരോ ഇതളുകളും ഇരുമ്പിന്റെ
കഴുത്തിലമര്‍ത്തി വീതം വച്ച്‌...


ഏതോ കോണില്‍ നിന്നോണം
കരയുന്നു, വിളിക്കുന്നില്ലാരു
മെന്നെയോടിയണയുവാന്‍...
ഓണമിന്നു കരയുന്നെന്തിതു
വിളിക്കാത്തതാരുമിനി

യെന്നെയും മറന്നുവോ?

Tuesday, August 9, 2011

മറുപാതി

മഞ്ഞയാണിന്നു ഞാനെങ്കിലോ നീ നീല
നമ്മളീ ഭൂമിയെ പച്ചയാക്കും
നീ മുകില്‍, ഞാനതില്‍ നിന്നൊഴുകിടു-
മുര്‍വരത നല്‍കിടും കാലവര്‍ഷം
നീ തൂലിക, ഞാനതില്‍ നിന്നിറ്റു വീഴു-
മറിവിന്റെയക്ഷരത്തുള്ളി
ഞാനിറുങ്ങനെ പൂത്തിടും കര്‍ണ്ണികാരം
നീയതിലുണര്‍ന്നിടും വിഷുപ്പുലരി
നീ ഹരന്‍, ഞാന്‍ നിന്നര്‍ദ്ധമേനിയ്‌ക്കധിപ
നിന്നിഷ്‌ടവധുവാം ഹിമശൈലപുത്രി
ഇന്നു നീയെത്രയോ കാതമകലെ-
യങ്ങേതോ കിടക്കയെ പുല്‍കിടുമ്പോള്‍
മൗനമുറങ്ങുമാച്ചുമരിലെ ക്ലോക്കില്‍
മണി പത്തെന്നു മെല്ലെ മൊഴിഞ്ഞിടുമ്പോള്‍
നിദ്രാവിഹീനമാമെത്രയോ രാവുക-
ളൊന്നുരിയാടാതകന്നിടുമ്പോള്‍
നൊമ്പരം മാറ്റും മരുന്നായി ഞാന്‍
നിന്‍ മുറിപ്പാടില്‍ അമര്‍ന്നിടട്ടെ.
നിന്നിരുള്‍ക്കാട്ടിലെരിയും ചെരാതാ-
യന്ധകാരത്തെയകറ്റിടട്ടെ
ആലിലത്തുമ്പിലെ അവസാനതുള്ളിയു-
മിറ്റിച്ചു പൂമഴ മാറിടുമ്പോള്‍
നെഞ്ചിലുയര്‍ത്തിടും വാത്സല്യമായ്‌
നിന്റെ ഹൃദയത്തെ മെല്ലെ തഴുകിടട്ടെ
നിന്‍ കരള്‍ വിങ്ങുമാ നൊമ്പരമിന്നു ഞാ-
നെന്‍ മൃദുസ്‌പര്‍ശത്താല്‍ മാറ്റിടട്ടെ
അപ്പൊഴേ മമ ജീവന്‍ നിന്നുടെ ആത്മാ-
വിന്‍ ആലിലത്തുമ്പില്‍ കുടിയിരിക്കൂ...