Tuesday, October 23, 2012

എങ്ങനെ വിളിപ്പൂ ഞാന്‍ ....?



ജീവിതത്തിന്റെ ചതുപ്പു നിലങ്ങളിലേക്ക്‌
മുള്ളുകള്‍ വിതറിയ വഴിയോരങ്ങളിലേക്ക്‌
ഉണങ്ങി വരണ്ട മണലാരണ്യത്തിലേക്ക്‌
നീയും........
എങ്ങനെ വിളിക്കേണ്ടൂ നിന്നെ ഞാന്‍ ?
നിശാശലഭമീ കുളിര്‍കാറ്റിലലിയുമ്പോള്‍
നിലാവേതോ പുഴയിലേക്കുറയുമ്പോള്‍
നീയെന്റെ പ്രാണനിലലിഞ്ഞു ചേരുമ്പോള്‍
കൊത്തിവലിക്കുന്ന ചുണ്ടുമായി കാത്തിരിക്കുന്ന
കഴുകന്മാരുടെ നടുവിലേക്ക്‌
എങ്ങനെ വിളിക്കും ഞാന്‍?
നിശബ്‌ദതയുടെ ഗാനലോകത്തിലേക്ക്‌
നിലവിളിയുടെ അഗാധഗര്‍ത്തത്തിലേക്ക്‌
കനല്‍ക്കാട്ടിലേക്ക്‌.....
ഒരു കുഞ്ഞു കാറ്റത്തുലയുന്ന
ജീവിതവിപഞ്ചികയിലേക്ക്‌
ജീവനുറങ്ങാന്‍ കൊതിക്കുന്ന ചുടുകാട്ടിലേക്ക്‌
കൈയിലവശേഷിക്കുന്ന ഒരു പിടിചാരമാകാന്‍
എങ്ങനെ വിളിക്കും ഞാന്‍ ?
ഞാന്‍.. നിന്റെ വിളിയിലുണര്‍ന്നവന്‍
നിന്റെ കൈപിടിച്ചിരുളില്‍ നിന്നുയിരിലേക്കു
നടന്നവന്‍....
നിന്റെ കണ്ണിലെരിഞ്ഞ ചെരാതിന്‍
ചെറുവെട്ടത്താല്‍ പിടിച്ചു നടപ്പവന്‍
ഒരു കൊച്ചുപുസ്‌തകത്താളും
മഷിത്തണ്ടുമാത്രമെന്‍ സ്വന്തം.
നാളെയ്‌ക്കുവയ്‌ക്കുവാനില്ലാത്ത
ജീവിതപഞ്‌ജരം കത്തിയെരിയുന്നു.
എങ്ങനെ വിളിപ്പൂ ഞാന്‍
എന്റെയീ ജീവിതകൊടുംകാട്ടിലേക്ക്‌
എങ്ങനെ വിളിപ്പൂ ഞാന്‍
എന്റെ........