Wednesday, October 28, 2009

അവന്‍ വരുമ്പോള്‍...

നിലാവിന്റെ അരണ്ടവെളിച്ചത്തിലൂ -
ടുറച്ച കാല്‍വയ്‌പുകളോടെ,
അവന്‍ നടന്നു... അവളുടെ
മടിയിലേക്ക്‌ തല ചായ്‌ച്ചുറങ്ങാന്‍...
പാലയും പുത്തിലഞ്ഞിയും വീഴ്‌ത്തിയ
നിഴലില്‍ ഉറങ്ങാതെ അവള്‍...
കാലമെത്രയോ തിരശ്ശീലവീഴ്‌ത്തി
കടന്നുപോകുന്നു..
വസന്തവും വര്‍ഷവും ചിരിച്ചും
വിങ്ങിവിതുമ്പികരഞ്ഞും...
പൊഴിഞ്ഞു വീഴുമ്പോള്‍
പിന്നിലൊട്ടും കരയാതെ
ധീരയായവള്‍ കാത്തു നിന്നു...
വിയര്‍പ്പിറ്റുവീണ മണ്‍പാതയിലൂടെ
അല്‍പവും വേയ്‌ക്കാതെ, വിറയ്‌ക്കാതെ
അവന്‍ നടന്നു....
കണിക്കൊന്നയിലിരുന്നു കൂകും കുയിലു
കളെങ്ങോപറന്നകന്നപ്പോഴും..
നിനവുകള്‍ മാത്രമായിരവും
പകലുമൊടുങ്ങുമ്പൊഴും...
ജഠരം വിതുമ്പവേ, പോകട്ടെയെന്നോതി
കുറിഞ്ഞി മറഞ്ഞപ്പൊഴും...
നിശബ്‌ദയായ്‌ കാത്തിരുന്നവളെന്നോ
വരുമവനെയും കാത്ത്‌...
പൂമുഖപ്പടിയണയുന്നവന്‍, ചുണ്ടി
ലോര്‍മ്മകള്‍ മധു പകരുന്നു..
അമ്മയൂട്ടിയ ദുഗ്‌ധമിവിടെ നിറയുന്നു...
കൂരിരുള്‍ മാറി തേജോമയമാകുന്നു...
കരയുന്നവള്‍ ... ഇനിയുമാവില്ലെനി-
ക്കെന്നോതുന്നു... അവനിലേക്കായുന്നു...
നെറുകയില്‍ വീഴുന്നവളുടെയശ്രു-
കണമവനും കരഞ്ഞുപോയി...
വിറയ്‌ക്കുന്നു, വിരലുകളെങ്ങോ പരതുന്നു,
മുറിയുന്നവന്റെ സ്വരമിടറുന്നു...
വിധു മായുന്നിരുള്‍ പടരുന്നു..
ഗദ്‌ഗദമെവിടെയോ മുറിയുന്നു..
ദേഹമെങ്ങും ചുവക്കുന്നു...
ദേഹിയെങ്ങോ പറക്കുന്നു..
കാത്തിരുപ്പില്ലിനി, പോകുന്നവര്‍
ചക്രവാളസീമകള്‍ക്കപ്പുറം...

Saturday, March 28, 2009

വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും

പ്രിയ സ്നേഹിതാ....
വരൂ... നമുക്കൊന്നായ് നടക്കാം..
ചക്രവാളം വരെയും...
പ്രപഞ്ചത്തിന്നനന്തത വരെയും...
നമുക്കൊന്നായ് നടക്കാം...
മണ്ണാങ്കട്ടയും കരിയിലയും
കാശിക്കു പോയതുപൊലെ...
തകര്‍ത്തു പെയ്യുന്ന പേമാരിയില്‍
നിനക്കായ് ഞന്‍ ഓലക്കുടയാകാം...
എന്റ്റെ കാര്‍കൂന്തലിന്നിരുട്ടില്‍
നിന്നെ ഞന്‍ ഒളിപ്പിച്ചു വയ്ക്കാം...
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...
കൊടുങ്കാറ്റിലെന്‍ കാലിടറുമ്പോള്‍
എനിക്കു മുകളില്‍ ഒരു ഭാരമായമരുക !
സ്നേഹത്തിന്റ്റെ കരങ്ങളെന്നെ
സുരക്ഷിതയാക്കട്ടെ !
നിന്റ്റെ നെഞ്ചില്‍ തല ചായ്ച്ച്
ഞാന്‍ വിശ്രമിക്കട്ടെ !
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...
ഒടുവില്‍ കാറ്റും മഴയും ഒരുമിച്ച്
വരുവോളം..
വീഥിയിലെവിടെയൊ വിധി
വേര്‍പെടുത്തുവോളം...
മഴയിലലിഞ്ഞും കാറ്റില്‍ പറന്നും
ഒരു കഥയായ് മായുവോളം..
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...

Monday, March 23, 2009

കറുപ്പും വെളുപ്പും

അവനാണ് ...
എനിക്ക് ആ പേന സമ്മാനിച്ചത് ...
അവന്റെ പുഞ്ചിരി പോലെ,
വെളുത്ത, സ്വര്ണ്ണനിറങ്ങള് കൊത്തിയ,
മനോഹരമായ പേന..
എന്റെ ഹൃദയപേടകത്തിനുള്ളില്
ആരും തൊടാതെ,
അലിഞ്ഞു തീരാത്ത
ഹിമകണം പോലെ,
ഞാനൊളിച്ചു വച്ചു
ഓരു സന്ധ്യയില് ഞാനെന്തോ കുറിക്കാ-
നെടുക്കവേ അതില് നിന്നുറന്നത്
കറുത്ത മഷിയായിരുന്നു
എന്റെ പാപക്കറകള് പോലെ

Thursday, March 19, 2009

വസുന്ധര കരയുന്നു

അന്ന്,
പെറ്റെഴുന്നേറ്റൊരു
സുന്ദരിയായിരുന്നു ഞാന്
ഓലക്കുടയായ് തീര്ന്നാകാശം
തുണയായ് നിന്നു ദിനരാത്രങ്ങള്..
ചാരുലതകളാല് ഹരിതകഞ്ചുകം
സിന്ദൂരച്ചെപ്പു തന്നാദിത്യന്..
ഇന്ന്,
വിരുന്നെത്തും മേഘമാലാഖ തന്
വെണ്കുപ്പായം കറുത്തു
പ്രസവിക്കാന് മടിക്കുമൊരു
ഗര്ഭിണിയേപ്പോല്
മൂടിക്കിടക്കുന്നു ഗഗനം
നിനക്കായ് പേറ്റുനോവും പേറി
ശ്വാസം വലിക്കുന്നു ഞാന്
നിന്റെ ഗര്ഭപാത്രത്തിലുറങ്ങും
കുരുന്നിനെ മുക്തയാക്കുക
അതിന് ചിരിയിലലിയട്ടെ
എന് ഹൃദയവേദന
കുരുന്നു രാഗമെന്, വരണ്ട
നെഞ്ചില് പെയ്തിറങ്ങട്ടെ
അതിന്‍ കുളിരില്‍
നനയട്ടെ ചുണ്ടുകള്‍
കരിഞ്ഞു പോകുന്നുടുപ്പുകള്‍
അകലുന്നു നൂപുരക്കണ്ണികള്‍...
ഉതിര്‍ന്നു വീഴുന്നു കാതിലോലകള്‍..
നിലാവിന്റ്റെ നെഞ്ചിലുതിര്‍ന്ന
നേര്‍ത്ത മിടിപ്പുകളെവിടെ ?
വീര്‍ത്ത ജഠരമെന്തേ നിന്നെ
വീര്‍പ്പുമുട്ടിക്കാത്തൂ.. ?
കരിഞ്ഞു വീഴും നീഡങ്ങളുടെ
നെടുവീര്‍പ്പു മാത്രം..
കറുത്തിരുണ്ട രാത്രിയിലെ
കൂമന്റ്റെ മൂളല്‍ മാത്രം...
കനക്കുന്ന നെഞ്ചു തടവി,
വരളുന്ന തൊണ്ട ചിനക്കി
ഞാന്‍ കേഴുന്നു, തരിക
ഇറ്റു ജലം - അതിന്‍
തണുപ്പരിച്ചിറങ്ങട്ടെ
എന്‍ മജ്ജയില്‍...

പ്രണയം

ആദ്യമാദ്യം ഞാനവന്റെ മൊബൈലില്
മെസേജായെത്തി
ഇന്ബോക്സുകള് നിറയവേ,
മെമ്മറി പോരെന്നവനറിഞ്ഞു
മെമ്മറി കൂടിയ പുത്തന് സെല്ഫോണില്
ഇഷ്ടം നിറയും റിംഗ്ടോണുകളായ്
അവനുമാത്രം കേള്ക്കാന്
അവനുമാത്രം കാണാന്
നിന് മുഖം കാണാന്
നിന് ചിരി കേള്ക്കാന്
ഈ ഫോണ് പോരെന്നവന് പറഞ്ഞു
ക്യാമറ ഫോണിലെ ആദ്യപ്രൊഫൈലില്
എന് നൊന്പരം വെറും വൈബ്രേഷനായ്
പിന്നെ ഞാന് നീളും നിശബ്ദതയായ്
അവനുടെ ഫോണിലും ജീവനിലും

Monday, February 9, 2009

ആത്മബലി

കോരിച്ചൊരിയും പെരുംമഴയില-
ന്നാത്തോണി ഓലിച്ചു പോയി...
കൊച്ചുരാമന് തന്റെ നെഞ്ചിലൂറും
ശാന്തരാഗങ്ങളുമലിഞ്ഞുപോയി
കരകവിഞ്ഞൊഴുകും പുഴതന് മാറി-
ലേക്കെത്ര ജീവന് ഉതിര്ന്നു വീണു
ആരൊക്കെയോ ചേര്ന്നൊരൊറ്റത്തടിപ്പാലം
പുഴയുടെ ഹൃദയത്തിലുയര്ത്തി നിര്ത്തി
സായന്തനങ്ങളില് പുള്ളിക്കുടയുമായ്
അമ്മയാ കടവില് കാത്തുനിന്നു
നെഞ്ചോടമര്ത്തിപ്പിടിക്കുമാ -
സഞ്ചിയും, ചരടറ്റുവീഴും മണിമുത്തുകള്-
പോലുതിര്ന്നു വീഴും മഴത്തുള്ളിയിലലി-
യുമെന്നുടലുമെന്നമ്മയ്ക്കു നല്കി.
തോന്നിയില്ലല്പം ഭയംപോലുമന്നെന് -
അമ്മയെന് ചാരെയുണ്ടായിരുന്നു..
എന്റെ താപങ്ങള്ക്കു ശാന്തിയേകാന് ,
എന്റെ പാപങ്ങള്ക്കു തര്പ്പണം ചെയ്യുവാന്,
എന്റെ മൌനങ്ങള്ക്കൊരര്ത്ഥം പകരുവാന്,
എന്റെ സ്വരങ്ങള്ക്കു താളമേകാന്,
ഓടി ഞാനെത്തിയീ ശാന്തിഭൂവില്..
ഓര്മ്മകളുതിരുന്ന തീരഭൂവില്..
കോണ്ക്രീറ്റു പാലത്തിനടിയിലായാ-
പ്പുഴ എന് മനം പോലെ വരണ്ടിരുന്നു
ഓറ്റത്തടിപ്പാലം പാടേ കളഞ്ഞുപോയ്
ഓരടിപ്പാതകള് കറുപ്പണിഞ്ഞു..
കാത്തുനില്ക്കാനമ്മയില്ലാത്തതല്ലി-
പ്പുഴ നീരറ്റുപോയിരുന്നു...
യാഗാശ്വമായ് തരാമെന്റെ മാനസം...
ബലി തരാം ഞാനെന് ഉയിര്ക്കണങ്ങള്...
യാഗം നടത്തുവാന് രാജനുണ്ടോ ?
ഉച്ഛരിച്ചീടുവാന് മന്ത്രമുണ്ടോ ?
നാട്ടില് വിളയുന്നു നൂറായിരം വൈശാലി-
മാരൊന്നിനെ കാട്ടിലേക്കു യാത്രയാക്ക !
കത്തിക്കരിഞ്ഞൊരായാരണ്യകത്തിന്-
നടുവിലുറങ്ങിക്കിടക്കും നന്മതന് -
ഋഷ്യശൃംഗനെ വീണ്ടെടുക്ക !

Wednesday, February 4, 2009

പാചകശാലയില് നിന്ന്

പവിത്രമാം ധരണിയാം കേക്കിനായ് നാഥന് -
പാചകശാലയിലെത്തി..
സഹായിക്കാം ഞാനുമാവോളമെന്നോതി -
സാത്താനും കൂട്ടിനെത്തി.
മാലോകരെ തന്റെ ബോര്മ്മയിലേക്കെടുക്കവെ
സാത്താനവരെ നിരയായ് നിര്ത്തി
ശുദ്ധി നോക്കേണ്ടേ, നല്ല പലഹാരത്തിന്
തനിമ കിട്ടാന്...
സാത്താന് തന്റെ പരീക്ഷകളെ നല്ലൊരരിപ്പ-
യായ് മാറ്റിയതിലൂടെ,
കടന്നുപോയ് ഓരോ മനുജനു,മൊടുവില് -
ശുദ്ധിയായൊന്നുപോലും കിട്ടിയില്ല.!
നാഥന് ഇന്നും പാചകശാലയില് തന്നെ നില്പൂ,
സാത്താന് അരികത്തിരുന്ന്,
ശ്രദ്ധയോടരിച്ചെടുക്കുന്നു, നേര്ത്തരിപ്പയിലൂടെ-
ശുദ്ധി നോക്കാന്....