Thursday, March 19, 2009

വസുന്ധര കരയുന്നു

അന്ന്,
പെറ്റെഴുന്നേറ്റൊരു
സുന്ദരിയായിരുന്നു ഞാന്
ഓലക്കുടയായ് തീര്ന്നാകാശം
തുണയായ് നിന്നു ദിനരാത്രങ്ങള്..
ചാരുലതകളാല് ഹരിതകഞ്ചുകം
സിന്ദൂരച്ചെപ്പു തന്നാദിത്യന്..
ഇന്ന്,
വിരുന്നെത്തും മേഘമാലാഖ തന്
വെണ്കുപ്പായം കറുത്തു
പ്രസവിക്കാന് മടിക്കുമൊരു
ഗര്ഭിണിയേപ്പോല്
മൂടിക്കിടക്കുന്നു ഗഗനം
നിനക്കായ് പേറ്റുനോവും പേറി
ശ്വാസം വലിക്കുന്നു ഞാന്
നിന്റെ ഗര്ഭപാത്രത്തിലുറങ്ങും
കുരുന്നിനെ മുക്തയാക്കുക
അതിന് ചിരിയിലലിയട്ടെ
എന് ഹൃദയവേദന
കുരുന്നു രാഗമെന്, വരണ്ട
നെഞ്ചില് പെയ്തിറങ്ങട്ടെ
അതിന്‍ കുളിരില്‍
നനയട്ടെ ചുണ്ടുകള്‍
കരിഞ്ഞു പോകുന്നുടുപ്പുകള്‍
അകലുന്നു നൂപുരക്കണ്ണികള്‍...
ഉതിര്‍ന്നു വീഴുന്നു കാതിലോലകള്‍..
നിലാവിന്റ്റെ നെഞ്ചിലുതിര്‍ന്ന
നേര്‍ത്ത മിടിപ്പുകളെവിടെ ?
വീര്‍ത്ത ജഠരമെന്തേ നിന്നെ
വീര്‍പ്പുമുട്ടിക്കാത്തൂ.. ?
കരിഞ്ഞു വീഴും നീഡങ്ങളുടെ
നെടുവീര്‍പ്പു മാത്രം..
കറുത്തിരുണ്ട രാത്രിയിലെ
കൂമന്റ്റെ മൂളല്‍ മാത്രം...
കനക്കുന്ന നെഞ്ചു തടവി,
വരളുന്ന തൊണ്ട ചിനക്കി
ഞാന്‍ കേഴുന്നു, തരിക
ഇറ്റു ജലം - അതിന്‍
തണുപ്പരിച്ചിറങ്ങട്ടെ
എന്‍ മജ്ജയില്‍...

No comments:

Post a Comment