Saturday, May 14, 2011

ആരണ്യകാണ്‌ഡം

വനവാസമത്രേ പതിനാലുവത്സരം
ജനകജാപതി രഘുപതിക്കിനി
ഒപ്പമെത്തിടാം ഞാനുമെന്നോതി
പ്രിയസഖിയാല്‍, ഭൂമി തന്‍
പൊന്‍മകള്‍, ജാനകീദേവി
നീയെന്റെ പ്രിയരാമന്‍, നീയില്ലാ-
തെനിക്കു വേണ്ടേതു ഭോഗവും
സാമ്രാജ്യവാഴ്‌ചയും, നടക്ക നീ
മുന്നില്‍, നിഴലായ്‌ ഞാനുമെത്തിടാം
ചൊല്ലുന്നു സൗമിത്രി
നടക്കുന്നു പിന്നെയും നാടകം ഭൂവില്‍
എഴുതിവച്ചതാരേ വിധാതാവോ?
പിറന്നു വീഴുന്നു, ആരണ്യകത്തിന്റെ
കനപ്പോലും കൂരിരുട്ടിലേക്ക്‌ ഹാ!
അനുഗമിക്കുവാനലിവോലും
കരളുമായ്‌ ജനകജയില്ല.
നീയെനിക്കാത്മാവുപോലു-
മെന്നുരിയാടുവാന്‍ സൗമിത്രിയുമില്ല
നടക്കുന്നു ഞാന്‍ വനത്തിലേകയായ്‌
കാരമുള്ളുകള്‍ തറയ്‌ക്കുന്നെങ്കിലും
ഇരുട്ടുമൂടുമീയടവി തന്നിലെ മിന്നാ-
മിനുങ്ങിന്‍ നറുവെളിച്ചമെവിടെയോ
കിരുകിരെ കരയും ചീവീടുകളെനിക്കു -
പാടുന്നു നനുത്ത നീലാംബരി
നിനക്കുറങ്ങുവാന്‍ കിടക്ക തീര്‍ത്തിടാം
രഹസ്യമോതുന്നു, അഹല്യയല്ലിവള്‍
നടക്കയാണ്‌ ഞാന്‍ കറുത്ത വാനിലെ
വെളുത്ത താരകം തേടി..
ഉണര്‍ന്നു കേള്‍ക്കുന്നു കൂമന്‍ മൂളി-
യുണര്‍ത്തിടും ഭീതി പടര്‍ന്ന പാട്ടുകള്‍
ഫണം വിടര്‍ത്തി നിന്നുറക്കെ ചീറ്റുന്നു
കരിയിലയ്‌ക്കടിയിലെ കറുത്ത നാഗങ്ങള്‍
ഇടയ്‌ക്കെവിടെയോ മറയും മാനിനെ
പിന്‍തുടരുവാനോടിയടുക്കവേ
കല്ലാല്‍, കാലിടറി വീഴുന്നു
അരികിലെ മുള്‍മുരിക്കിലെന്റെ
കൈകളഭയം തിരഞ്ഞു പോകുന്നു
പാണിയില്‍ പടരും ചോര തുടയ്‌ക്കുവാ-
നില പരതി പോകുന്നു
നടക്കയാണിരുട്ടിലെവിടെയോ
തെളിഞ്ഞു കത്തും ചെരാതുകള്‍ തേടി
ഉറക്കെ വീശിയ കാറ്റിലലച്ചു വീണിടും
ചെറു ചെടികളെപ്പോലെയലച്ചു
വീഴുന്നു വനത്തിലേകയായ്‌..
ഉയിര്‍ക്കുന്നു, വീണ്ടുമുണരുമുഷസ്സിനായ്‌
ഉറക്കം വിട്ടിടും കുരുന്നു പൂവുപോല്‍
നടക്കയാണു ഞാന്‍ കറുത്ത വാവിലെ
വെളുത്ത ചന്ദ്രനെ തേടി..
നടക്കയാണ്‌ ഞാനടവി തന്നിലെ
ഭയക്കുമോര്‍മ്മകള്‍ മറന്നുണര്‍ന്നിടും
ചുവന്ന പൂക്കള്‍ ചിരിച്ചു തുള്ളുന്ന
ഉഷസ്സിലെ കിളിക്കൊഞ്ചലുകള്‍ തേടി
നടക്കുവാനുണ്ടേറെ വത്സരമെന്നാലും
നടക്കയാണേതോ നിനവുകള്‍ക്കൊപ്പം...