കോരിച്ചൊരിയും പെരുംമഴയില-
ന്നാത്തോണി ഓലിച്ചു പോയി...
കൊച്ചുരാമന് തന്റെ നെഞ്ചിലൂറും
ശാന്തരാഗങ്ങളുമലിഞ്ഞുപോയി
കരകവിഞ്ഞൊഴുകും പുഴതന് മാറി-
ലേക്കെത്ര ജീവന് ഉതിര്ന്നു വീണു
ആരൊക്കെയോ ചേര്ന്നൊരൊറ്റത്തടിപ്പാലം
പുഴയുടെ ഹൃദയത്തിലുയര്ത്തി നിര്ത്തി
സായന്തനങ്ങളില് പുള്ളിക്കുടയുമായ്
അമ്മയാ കടവില് കാത്തുനിന്നു
നെഞ്ചോടമര്ത്തിപ്പിടിക്കുമാ -
സഞ്ചിയും, ചരടറ്റുവീഴും മണിമുത്തുകള്-
പോലുതിര്ന്നു വീഴും മഴത്തുള്ളിയിലലി-
യുമെന്നുടലുമെന്നമ്മയ്ക്കു നല്കി.
തോന്നിയില്ലല്പം ഭയംപോലുമന്നെന് -
അമ്മയെന് ചാരെയുണ്ടായിരുന്നു..
എന്റെ താപങ്ങള്ക്കു ശാന്തിയേകാന് ,
എന്റെ പാപങ്ങള്ക്കു തര്പ്പണം ചെയ്യുവാന്,
എന്റെ മൌനങ്ങള്ക്കൊരര്ത്ഥം പകരുവാന്,
എന്റെ സ്വരങ്ങള്ക്കു താളമേകാന്,
ഓടി ഞാനെത്തിയീ ശാന്തിഭൂവില്..
ഓര്മ്മകളുതിരുന്ന തീരഭൂവില്..
കോണ്ക്രീറ്റു പാലത്തിനടിയിലായാ-
പ്പുഴ എന് മനം പോലെ വരണ്ടിരുന്നു
ഓറ്റത്തടിപ്പാലം പാടേ കളഞ്ഞുപോയ്
ഓരടിപ്പാതകള് കറുപ്പണിഞ്ഞു..
കാത്തുനില്ക്കാനമ്മയില്ലാത്തതല്ലി-
പ്പുഴ നീരറ്റുപോയിരുന്നു...
യാഗാശ്വമായ് തരാമെന്റെ മാനസം...
ബലി തരാം ഞാനെന് ഉയിര്ക്കണങ്ങള്...
യാഗം നടത്തുവാന് രാജനുണ്ടോ ?
ഉച്ഛരിച്ചീടുവാന് മന്ത്രമുണ്ടോ ?
നാട്ടില് വിളയുന്നു നൂറായിരം വൈശാലി-
മാരൊന്നിനെ കാട്ടിലേക്കു യാത്രയാക്ക !
കത്തിക്കരിഞ്ഞൊരായാരണ്യകത്തിന്-
നടുവിലുറങ്ങിക്കിടക്കും നന്മതന് -
ഋഷ്യശൃംഗനെ വീണ്ടെടുക്ക !
No comments:
Post a Comment