Wednesday, October 28, 2009

അവന്‍ വരുമ്പോള്‍...

നിലാവിന്റെ അരണ്ടവെളിച്ചത്തിലൂ -
ടുറച്ച കാല്‍വയ്‌പുകളോടെ,
അവന്‍ നടന്നു... അവളുടെ
മടിയിലേക്ക്‌ തല ചായ്‌ച്ചുറങ്ങാന്‍...
പാലയും പുത്തിലഞ്ഞിയും വീഴ്‌ത്തിയ
നിഴലില്‍ ഉറങ്ങാതെ അവള്‍...
കാലമെത്രയോ തിരശ്ശീലവീഴ്‌ത്തി
കടന്നുപോകുന്നു..
വസന്തവും വര്‍ഷവും ചിരിച്ചും
വിങ്ങിവിതുമ്പികരഞ്ഞും...
പൊഴിഞ്ഞു വീഴുമ്പോള്‍
പിന്നിലൊട്ടും കരയാതെ
ധീരയായവള്‍ കാത്തു നിന്നു...
വിയര്‍പ്പിറ്റുവീണ മണ്‍പാതയിലൂടെ
അല്‍പവും വേയ്‌ക്കാതെ, വിറയ്‌ക്കാതെ
അവന്‍ നടന്നു....
കണിക്കൊന്നയിലിരുന്നു കൂകും കുയിലു
കളെങ്ങോപറന്നകന്നപ്പോഴും..
നിനവുകള്‍ മാത്രമായിരവും
പകലുമൊടുങ്ങുമ്പൊഴും...
ജഠരം വിതുമ്പവേ, പോകട്ടെയെന്നോതി
കുറിഞ്ഞി മറഞ്ഞപ്പൊഴും...
നിശബ്‌ദയായ്‌ കാത്തിരുന്നവളെന്നോ
വരുമവനെയും കാത്ത്‌...
പൂമുഖപ്പടിയണയുന്നവന്‍, ചുണ്ടി
ലോര്‍മ്മകള്‍ മധു പകരുന്നു..
അമ്മയൂട്ടിയ ദുഗ്‌ധമിവിടെ നിറയുന്നു...
കൂരിരുള്‍ മാറി തേജോമയമാകുന്നു...
കരയുന്നവള്‍ ... ഇനിയുമാവില്ലെനി-
ക്കെന്നോതുന്നു... അവനിലേക്കായുന്നു...
നെറുകയില്‍ വീഴുന്നവളുടെയശ്രു-
കണമവനും കരഞ്ഞുപോയി...
വിറയ്‌ക്കുന്നു, വിരലുകളെങ്ങോ പരതുന്നു,
മുറിയുന്നവന്റെ സ്വരമിടറുന്നു...
വിധു മായുന്നിരുള്‍ പടരുന്നു..
ഗദ്‌ഗദമെവിടെയോ മുറിയുന്നു..
ദേഹമെങ്ങും ചുവക്കുന്നു...
ദേഹിയെങ്ങോ പറക്കുന്നു..
കാത്തിരുപ്പില്ലിനി, പോകുന്നവര്‍
ചക്രവാളസീമകള്‍ക്കപ്പുറം...

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. കവര്‍ ചിത്രം മികച്ചത്...കാര്യങ്ങള്‍ ലളിതമായി പറയുന്വോള്‍ കവിതയും മികച്ചതാവും...ആശംസകള്‍...
    ഷാഫി...

    ReplyDelete