Tuesday, August 9, 2011

മറുപാതി

മഞ്ഞയാണിന്നു ഞാനെങ്കിലോ നീ നീല
നമ്മളീ ഭൂമിയെ പച്ചയാക്കും
നീ മുകില്‍, ഞാനതില്‍ നിന്നൊഴുകിടു-
മുര്‍വരത നല്‍കിടും കാലവര്‍ഷം
നീ തൂലിക, ഞാനതില്‍ നിന്നിറ്റു വീഴു-
മറിവിന്റെയക്ഷരത്തുള്ളി
ഞാനിറുങ്ങനെ പൂത്തിടും കര്‍ണ്ണികാരം
നീയതിലുണര്‍ന്നിടും വിഷുപ്പുലരി
നീ ഹരന്‍, ഞാന്‍ നിന്നര്‍ദ്ധമേനിയ്‌ക്കധിപ
നിന്നിഷ്‌ടവധുവാം ഹിമശൈലപുത്രി
ഇന്നു നീയെത്രയോ കാതമകലെ-
യങ്ങേതോ കിടക്കയെ പുല്‍കിടുമ്പോള്‍
മൗനമുറങ്ങുമാച്ചുമരിലെ ക്ലോക്കില്‍
മണി പത്തെന്നു മെല്ലെ മൊഴിഞ്ഞിടുമ്പോള്‍
നിദ്രാവിഹീനമാമെത്രയോ രാവുക-
ളൊന്നുരിയാടാതകന്നിടുമ്പോള്‍
നൊമ്പരം മാറ്റും മരുന്നായി ഞാന്‍
നിന്‍ മുറിപ്പാടില്‍ അമര്‍ന്നിടട്ടെ.
നിന്നിരുള്‍ക്കാട്ടിലെരിയും ചെരാതാ-
യന്ധകാരത്തെയകറ്റിടട്ടെ
ആലിലത്തുമ്പിലെ അവസാനതുള്ളിയു-
മിറ്റിച്ചു പൂമഴ മാറിടുമ്പോള്‍
നെഞ്ചിലുയര്‍ത്തിടും വാത്സല്യമായ്‌
നിന്റെ ഹൃദയത്തെ മെല്ലെ തഴുകിടട്ടെ
നിന്‍ കരള്‍ വിങ്ങുമാ നൊമ്പരമിന്നു ഞാ-
നെന്‍ മൃദുസ്‌പര്‍ശത്താല്‍ മാറ്റിടട്ടെ
അപ്പൊഴേ മമ ജീവന്‍ നിന്നുടെ ആത്മാ-
വിന്‍ ആലിലത്തുമ്പില്‍ കുടിയിരിക്കൂ...

10 comments:

  1. നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ.

    ReplyDelete
  2. ഒരു പഴമ ഫീല്‍ ചെയ്തൂട്ടോ..

    ReplyDelete
  3. ഹ് മം..
    വരികള്‍ക്ക് നല്ലയടുപ്പം..
    ഇഷ്ടപ്പെട്ടു ഈ കവിത..

    ReplyDelete
  4. കവിത നന്നായിട്ടൂണ്ടല്ലോ....

    (ഉര്‍വരത എന്ന വാക്കിന്റെ അര്‍ത്ഥമെന്താകുന്നു?)

    ReplyDelete
  5. നന്നായി എഴുതുന്നുണ്ടല്ലോ; ആശംസകൾ!

    ReplyDelete
  6. "ചേര്‍ന്ന് നില്‍ക്കുന്നു നാം
    ഒന്നിലല്ലെങ്കില്‍ മറ്റൊന്നില്‍"
    നന്നായിരിക്കുന്നു ജെയിന്‍..

    ReplyDelete
  7. ponmalakaran, manoraj, nisasurabhi- thank you so much.
    ajith- phalabhooyishtatha ennanu urvaratha enna vaakinte artham
    e a sajim, junaith- nandi..

    ReplyDelete
  8. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  9. ഇഴകള്‍ കോര്‍ത്തിണക്കിയെഴുതിയ ഇഴയടുപ്പമുള്ള കവിത.സുന്ദരകായ് വായിച്ചു പോകാനായി.
    ആശംസകള്‍...

    ReplyDelete