Saturday, October 16, 2010

ഒരു ജന്മം

കാലമെങ്ങോ കടന്നു പോകുമ്പോഴും
ഒക്കെയും മെല്ലെ നഷ്‌ടമാകുമ്പോഴും
നിത്യമായ്‌ ശുദ്ധസത്യമായ്‌ ഭൂമിയില്‍
ഉല്ലസിച്ചിടും പാവനമാം പ്രേമം.
കാടിന്റെയുദരത്തില്‍ നിന്നു പിറന്നതും
മെല്ലെയൊഴുകിയൊഴുകിയൊന്നിച്ചതും
കൈകള്‍കോര്‍ത്തൊന്നായ്‌ രമിച്ചതും
അലകടലിലേക്കൊഴുകിയലഞ്ഞതും
ഒരു കരിവണ്ടിനൊപ്പമായ്‌ നമ്മളും
ഹരികാംബോജി മൂളി നടന്നതും
അരികിലെ പുല്‍പ്പടര്‍പ്പില്‍ നാം തുള്ളി
കണ്ണീര്‍ച്ചെടിയ്‌ക്കായ്‌ മെല്ലെ കൊടുത്തതും
പിന്നെയും നേര്‍ത്ത രാഗങ്ങളാം പാശ-
ബന്ധത്താലകലാതെയടുത്തതും
കറുകറുത്ത നിശീഥങ്ങളും
ഭീതിപ്പെടുത്തുന്ന കൂമന്റെ മൂളലും
ഒരു നിമിപോലും മിന്നിമറയാത്ത
മിന്നാമിനുങ്ങിന്റെയരിയതൂവെട്ടവും ....
മാനവപാണിയിലെപ്പോഴോ പറ്റിയൊ-
രഴുക്കുകളെല്ലാം നെഞ്ചിലേറ്റുമ്പോഴും
അവനുപേക്ഷിച്ച പാഴ്‌ചെടികളെ ഹൃദയ
പേശിയില്‍ ചേര്‍ത്തു വയ്‌ക്കുമ്പോഴും
നമ്മള്‍ ചിരിച്ചുകളിച്ചുല്ലസിച്ചൊരാ
തീരങ്ങളെയവന്‍ വെട്ടിമാറ്റുമ്പോഴും
നമ്മിലെ പുഞ്ചിരി തീര്‍ത്തൊരാഗാന
മഞ്‌ജിമയവന്‍ തട്ടിമാറ്റുമ്പോഴും
പോകുവാന്‍ പാത വെട്ടിത്തെളിച്ചൊരാ
തൂമ്പയെ ദൂരെ ദൂരെക്കളവതും
കണ്ടു നാം നിര്‍ലജ്ജമൊന്നുരിയാടാതെ
കാതങ്ങളെത്രയോ കടന്നുപോകുമ്പോഴും
ഒരുതുള്ളിയാലവനിലെയഴുക്കിനെ
മെല്ലെ തുടച്ചു ശുദ്ധമായ്‌ തീര്‍ക്കണം.
ഇന്നു നാമീകടലിന്റെ നെഞ്ചിലെ
യരിയ ചൂടും നുകര്‍ന്നു കിടപ്പതും
ഇന്നലെ വരെ നാം കണ്ട സ്വപ്‌നവും
ഇന്നലെ വരെ നമുക്കുള്ള നാമവും
ഇന്നീ കടലിലലിഞ്ഞു തീരുന്നതും
ഒക്കെയുമീ ജീവന്റെ വീഥിയില്‍
വേര്‍പെടാത്തൊരു സത്യമാണെങ്കിലും
അലയടിക്കണം, ഒഴുകുന്ന പാതയെ
പുനര്‍സൃഷ്‌ടിക്കണം, ഉര്‍വരമാക്കണം.
വഴിയേറെ നടന്നെത്തിടും പഥികന്റെ
നാവുനനച്ചല്‍പക്ഷീണമകറ്റണം
സൂര്യതാപത്തില്‍ തളര്‍ന്നിടും പക്ഷിക്കു
കുടിജലത്താല്‍ ദാഹമകറ്റണം
പിന്നെയീ കടലിന്റെ മാറിലലിയുമ്പോള്‍
നാമവുമന്യമായ്‌ തീരുമ്പോള്‍
ചെയ്‌തു പോന്നോരു പാതയില്‍
മിന്നിടും അരിയനാളം നിനച്ചു കിടന്നിടാം...

3 comments:

  1. ithoru kavithayalla
    enkilum oru divasathinte bhranthanu
    ningalkumupil.....

    ReplyDelete
  2. നല്ല എഴുത്താണ് ജെയ്‌നി.. നന്നായി എഴുതുന്നുണ്ട്. കവിതയായി തന്നെയാണ് എനിക്ക് തോന്നിയത്.

    ReplyDelete